Tuesday, December 10, 2013

--ഒരു 'തുണ്ട്' കഥ അഥവാ ചെറിയ കഥ--

അവളുടെ ചൂടുള്ള കഴുത്തിൽ പിന്നിൽ നിന്ന് നുകരുമ്പോൾ, ഞാൻ ഒരു മഞ്ഞുകട്ടയായി ഉറയുകയായിരുന്നു.
ഉറക്കം നടിച്ചുകിടന്ന ശിലാതല്പം മഞ്ഞുകട്ടയുടെ സ്പർശത്തിൽ ഉണർന്നില്ലെങ്കിലും ഞാൻ പരിഭവിച്ചില്ല.

അത് അവൾക്കുമറിയാം.

ഒരു കവിൾ വെള്ളം ചേർക്കാത്ത റമ്മിന്റെ ചൂടിൽ സ്നേഹമത്രയും ഉരുക്കി ഫ്ലഷ് ചെയ്ത് തിരികെ വന്ന് കിടന്നപ്പൊഴും അവൾ ഉറങ്ങിയിരുന്നില്ല.

അത് എനിക്കും അറിയാം...

-----------------------------------------------------------------------------------

വാസനത്തൈലം തേച്ച മുടി എന്റെ നേർക്ക് കുടയുമ്പൊഴും ഉലഞ്ഞവസ്ത്രം നേരെയാക്കാതെ ഇല്ലാത്ത സാധനങ്ങൾ തിരഞ്ഞ് എന്റെ മുന്നിലൂടെ നടക്കുമ്പൊഴും
ഞാനും മയങ്ങുകയായിരുന്നില്ല.

അതവൾക്കറിയാം...

അവളുടെ ദീർഘനിശ്വാസങ്ങൾ ഓരോന്നായി എന്റെ മുഖത്ത് പതിക്കുമ്പോഴും, കൈത്താങ്ങ് നഷ്ടമായി ഞാൻ അവളുടെ അരികിലേക്ക് ചരിയുമ്പോഴും വിജയിയുടെ മന്ദഹാസമായിരുന്നു അവൾക്ക്..

അതെനിക്കും അറിയാം...

അവൾക്കറിയാത്ത മറ്റൊന്ന് കൂടി എനിക്കറിയാം, ഞാനും അവളും തമ്മിൽ ജനാധിപത്യവും സ്വേഛ്ചാധിപത്യവും പോലെ അന്തരമുണ്ടെന്ന്...





Monday, July 29, 2013

-കുമ്പസാരം-


ദൈവം : പറയൂ..
മനുഷ്യന്‍ : ഞാനൊരാളെ കൊന്നു
ദൈവം : ആരെ?
മനുഷ്യന്‍ : അറിയില്ല...അവര്‍ചൂണ്ടിക്കാണിച്ചുതന്നു...പക്ഷെ അയാള്‍ ശരിയായിരുന്നുവെന്ന്‌ പിന്നീട്‌ പറഞ്ഞുകേട്ടു..
ദൈവം : ആരാണു അവര്‍?
മനുഷ്യന്‍ : അറിയില്ല...അവര്‍ ഞങ്ങള്‍ക്ക്‌ പണവും മദ്യവും തന്നു..അവര്‍ തെറ്റായിരുന്നുവെന്ന്‌ പിന്നീട്‌ മനസ്സിലായി..
ദൈവം : എന്തിനു?
മനുഷ്യന്‍ : അവര്‍ പറഞ്ഞ തെറ്റും ശരിയും എനിക്ക്‌ മനസ്സിലാവാത്ത ഭാഷയിലായിരുന്നു..
ദൈവം : എന്തുകൊണ്ട്‌ അയാള്‍ കൊല്ലപ്പെടണമായിരുന്നു എന്നാണു ചോദ്യം
മനുഷ്യന്‍ : അയാള്‍ ജീവിച്ചിരുന്നാല്‍ ശരി ഭൂരിപക്ഷം ആവുമെന്ന്‌ അവര്‍ ഭയപ്പെട്ടിരുന്നു.. കാരണം തെറ്റുകളില്‍ തേന്‍ പുരട്ടി ജനങ്ങള്‍ക്ക്‌ വിറ്റാണു അവര്‍ ജീവിച്ചിരുന്നത്‌...
ദൈവം : എങ്ങനെ?
മനുഷ്യന്‍ : അന്‍പത്തൊന്ന്‌ തവണ മുഖത്ത്‌ വെട്ടി..അന്‍പത്തൊന്ന്‌ വര്‍ഷത്തെ ശരികള്‍ തിരിച്ചരിയാനാവാത്ത വിധം വിക്രിതമാക്കാന്‍ അവര്‍ പറഞ്ഞു..
ദൈവം : ഇപ്പോള്‍ പശ്ചാത്തപിക്കുന്നൊ?
മനുഷ്യന്‍ : പശ്ചാത്തപിക്കാന്‍ അറ്‍ഹതയുണ്ടോ എന്നറിയാനാണു വന്നത്‌
ദൈവം : എങ്കില്‍ നിനക്ക്‌ പോകാം..നിനക്ക്‌ മനുഷ്യനായി തിരിച്ച്‌ വരാന്‍ അന്‍പത്തൊന്ന്‌ നാളുകള്‍ തന്നിരിക്കുന്നു... അവരെയും അയാളെയും അറിയാത്ത നിനക്ക്‌ സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും തിരിച്ചരിയാന്‍ കൂടി ഈ നാളുകള്‍ ഉപയോഗിക്കാം..ഒരു ശരിയെങ്കിലും ചെയ്ത്‌ തിരിച്ച്‌ വരിക... നീ തിരിച്ച്‌ വരുന്ന ദിവസം ഞാന്‍ നിനക്കായി പ്രാര്‍ഥിക്കാം...
ഇത്രയും പറഞ്ഞ്‌ തിരിഞ്ഞ്‌ നിന്ന ദൈവത്തിണ്റ്റെ മുഖം ജയിലറയുടെ അരണ്ട വെളിച്ചത്തില്‍ അവന്‍ കണ്ടു. തെറ്റിണ്റ്റെ അന്‍പത്തൊന്ന് ചുടുചോരച്ചാലുകളും...

Saturday, July 27, 2013

ശുദ്ധജാതകം


ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം കിട്ടി ഒരു കൊല്ലം കഴിഞ്ഞതിണ്റ്റെ പിറ്റേന്നായിരുന്നു രമേശണ്റ്റെ ജനനം. ഒരു അസാധാരണമായ നിലവിളിയോടെയാണു അവന്‍ ഭൂമിയിക്കിറങ്ങിയതെന്ന്‌ അമ്മമ്മ നാരായണി എപ്പോഴും പറയും.

ഏതൊരു നാട്ടിന്‍പുറത്ത്‌ കാരന്‍ തല്ലുകൊള്ളി ചെക്കനേയും പോലെ അവനും അങ്ങ്‌ വളര്‍ന്നു. എണ്റ്റെ രമേശണ്റ്റെ ശുദ്ധജാതകമാണെന്ന്‌ അമ്മ ചന്ദ്രി അയല്‍ വക്കത്തെ ശാന്തേച്ചിയോട്‌ പറയുന്നത്‌ അറിയാതെ കേട്ടുപോയ രമേശന്‍ അതൊരു അഭിമാനമായി കൊണ്ട്‌ നടക്കാന്‍ തുടങ്ങിയത്‌ അന്നാണു. തണ്റ്റെ കശുമാവിനു കല്ലെറിഞ്ഞ രമേശനെ പറമ്പില്‍നിന്ന്‌ ഓടിക്കുമ്പൊ കുമാരേട്ടന്‍ പറയുന്നുണ്ടായിരുന്നു..."നീ നന്നാവില്ലെടാ നായിണ്റ്റെ മോനേ..". പക്ഷെ ഇതൊക്കെ എന്ത്‌ എന്ന ഭാവമായിരുന്നു രമേശനു...താന്‍ വളരെ ശുദ്ധഗതിക്കാരനാണു. അതാണു എനിക്ക്‌ ശുദ്ധജാതകം എന്ന്‌ കരുതി മാങ്ങ നുകറ്‍ന്നു അവന്‍ പറമ്പു വിട്ടു. പക്ഷേ അണ്ടി കുമാരേട്ടണ്റ്റെ നേര്‍ക്ക്‌ എറിഞ്ഞുകൊടുത്തു കേട്ടോ. ശുദ്ധഹ്രിദയനാണല്ലോ നമ്മുടെ നായകന്‍.

കോളേജില്‍ സുജാതയോടുള്ള പരി'ശുദ്ധ'പ്രണയമാണു നമ്മുടെ രമേശനെ കാത്തിരുന്നത്‌. ഒരിക്കല്‍ കോളേജ്‌ വിട്ടുവരുമ്പൊ മഴപെതതും..അവര്‍ രണ്ടാളും ഓടി പ്രേതങ്ങള്‍ മാത്രം താമസിക്കുന്ന മനയ്ക്കലെ ഇറയത്‌ നിന്നതും മേലാകെ നനഞ്ഞ സുജാത ആദ്യമായി പുസ്തകം കൊണ്ട്‌ മാറുമറയ്ക്കതെ അവണ്റ്റെ മുന്നില്‍ നിന്നതും എല്ലം.. അന്ന് രമേശന്‍ കണ്ട മഴയുടെ ഭംഗി പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്ന് അയാള്‍ ആലോചിക്കാറുണ്ടായിരുന്നു...പില്‍ക്കലത്ത്‌...സത്യവും അതാണു. അന്ന് അവന്‍ മഴയുടെ ഭംഗി മാത്രേ കണ്ടുള്ളൂ. അതെ, ജാതകം പോലെ ശുദ്ധമായിരുന്നു അവണ്റ്റെ മനസ്സും.

സുജാതയുടെ കല്ല്യാണം കഴിയുന്ന കാലത്ത്‌ അവന്‍ ദാമോദരണ്റ്റെ പലചരക്ക്‌ കടയില്‍ സാധനങ്ങള്‍ പൊതിയാന്‍ നില്‍ക്കുകയയിരുന്നു. അവിടുന്ന് ആറു കൊല്ലം കഴിഞ്ഞപ്പോഴാണു ചന്ദ്രിയേച്ചിയും മാധവേട്ടനും അവനു പെണ്ണ്‍ നോക്കിത്തുടങ്ങുന്നത്‌. ആ കാലഘട്ടം രമേശനു തിരിച്ചറിവിണ്റ്റേതയിരുന്നു. വേറൊന്നുമല്ല ശുദ്ധജാതകത്തിണ്റ്റെ പാറ്‍ശ്വ്ഫലങ്ങള്‍ ആയിരുന്നു അത്‌. എന്നാല്‍ അത്‌ പതിന്നാലു കൊല്ലം നീളുന്ന ഒരു വനവാസമായിരുന്നു എന്നത്‌ താന്‍ പൊക്കിപ്പിടിച്ച്‌ നടന്ന ശുദ്ധജാതകം തന്ന പണിയാണല്ലൊ എന്നോര്‍ക്കുമ്പൊഴെല്ലാം രമേശന്‍ കേളുവേട്ടണ്റ്റെ ഷാപ്പിലായിരുന്നു.

അങ്ങനെ രമേശണ്റ്റെ നാല്‍ പ്പതാം വയസ്സില്‍ വനജ വീട്ടിലേക്ക്‌ കയറിവരുമ്പൊ സ്വീകരിക്കാന്‍ ചന്ദ്രിയേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാധവേട്ടന്‍ പോയി അന്നേക്ക്‌ രണ്ട്‌ കൊല്ലവും മൂന്ന് മാസവുമായിരുന്നു. ആദ്യരാത്രിയില്‍ തന്നെ വനജയെ ഇനി മൂന്ന് ദിവസത്തേക്ക്‌ തൊടാന്‍ കഴിയില്ലെന്നറിഞ്ഞ രമേശന്‍ പുസ്തകം കൊണ്ട്‌ മാറുമറയ്ക്കതെ നിന്ന സുജാതയെയും മനയ്ക്ക്ക്കലെ പൊലിഞ്ഞുവീഴാറയിരുന്ന ഇറയത്ത്‌ നിന്ന് മഴവെള്ളം ഇറ്റു വീഴുന്നതു നോക്കിനിന്ന തന്നേയും സ്രിഷ്ടിച്ച ആ നിമിഷത്തെ ശപിക്കുകയായിരുന്നു.

മകന്‍ രാഹുലിണ്റ്റെ ഒന്നാം പിറന്നാളു കഴിഞ്ഞ്‌ നാലു ദിവസം കഴിഞ്ഞപ്പോഴാണു രമേശണ്റ്റെ ആദ്യത്തെ അറ്റാക്ക്‌. അന്ന് മുതല്‍ വനജയുടെ നിറ്‍ബന്ധമാണു അവണ്റ്റെ ജാതകം എഴുതിക്കണമെന്നു. തണ്റ്റെ ജാതകം എഴുതിയ ചാത്തുക്കണിയാര്‍ ജീവനോടെ ഉണ്ടെങ്കിലും കെ.പി ദിനേഷ്‌ പണിക്കരുടെ അടുത്തേക്കാണു അവറ്‍ പോയത്‌. ദിനേശപ്പണിക്കര്‍ കണക്ക്‌ കൂട്ടിക്കൂട്ടി അവസാനം അത്‌ തന്നെ പറഞ്ഞു. ശുദ്ധജാതകമാണത്രേ. അന്ന് രാത്റിയായിരുന്നു രമേശണ്റ്റെ രണ്ടാമത്തെതും അവസാനത്തെതുമായ അറ്റാക്ക്‌.

വീട്ടില്‍ വനജയും ചന്ദ്രിയേച്ചിയും ഒറ്റയ്ക്കണു ഇപ്പൊ. ബാംഗ്ളൂരിലുള്ള രാഹുല്‍ ഒരു നസ്റാണിപ്പെന്നിനെ കെട്ടിയത്രേ. വനജയുടെ കയ്യില്‍ നിലവിളക്കും ചന്ദ്രിയേച്ചിയുടെ കയ്യില്‍ മെഴുകുതിരിയുമുണ്ട്‌. പെണ്ണിനു എന്താണാവോ ഇഷ്ടം. ചുമരിലിരുന്ന് രമേശന്‍ ചിരിച്ചു. ശുദ്ധമായ ചിരി

വില്‍പത്രം

അടച്ചുവെച്ച എണ്റ്റെ കണ്ണുകള്‍ ഇനി വെളിച്ചം നല്‍കുക..
നിലാവു കാണാനെന്നും കൊതിച്ചിരുന്ന..
സ്വര്‍ണ്ണ്‍നൂലിഴ പോലെ മുടിയുള്ള...
ഓമനപ്പെണ്‍കിടാവിനാവട്ടെ...
എനിക്കായി ശബ്ദിക്കാന്‍ കഴിയാതെ പോയ നാവ്‌..
ഒരു നവജാതവിപ്ളവകാരിക്ക്‌ നല്‍കാം...
വലംകൈയെ കഴുമരമാക്കി വിശുദ്ധയൂദാശ്ളീഹായുടെ നാട്ടില്‍ വെക്കുക..
ഇടംകൈ ചൂരലാക്കിനല്‍കാം പഴയൊരു ഗുരുനാഥനു...
ഒരു കാല്‍ പാഴ്മരുഭൂമിയിലെ..അനാഥസഞ്ചാരിക്കും..
മറ്റൊന്ന്‌ മഞ്ഞുമലയിലെ പഠനസഞ്ചാരിക്കും...
കരള്‍കൊണ്ടൂട്ടുക അശരണനാമൊരു യാചകനെ... 

ഹ്ര്‍ദയരക്തത്താല്‍ ചുവപ്പിക്കുക... 
ഞാന്‍ തനിച്ചാക്കിപ്പോകുന്നഎണ്റ്റെ വെള്ളച്ചെമ്പരത്തിയെ....

സ്നേഹപരാഗങ്ങള്‍...

നെഞ്ചില്‍ പിടിച്ചെന്നെ നീ മാറ്റി...
കറയാര്‍ന്ന പല്ലില്‍നിന്നുതിര്‍ന്ന...
പുകയില ഗന്ധത്തില്‍...
എന്നെ പ്ര്‍തിക്കൂട്ടിലാക്കി, നീ
ആരോപണ കവിത വീണ്ടുമെഴുതി..
നിനക്കായ്‌ കാത്തുവച്ച മറ്റൊരു..
സ്നേഹചുംബനം..ഗദ്ഗദമായ്‌..
തിരികെ യാത്രയായി...
ഒന്നും മിണ്ടാതെ നീയും... 


കുളിര്‍ കോരും ധ്‌നുമാസരാവില്‍
നീ അറിഞ്ഞിട്ടും അറിഞ്ഞില്ല..
ചാപിള്ളയായ്‌ തീര്‍ന്ന...
സ്നേഹപരാഗങ്ങള്‍...
എല്ലാം ലഹരിമാത്രമെന്നു നീ...
നീ... നീതന്നെ അതെന്നറിയാതെ..

കരള്‍ നിറഞ്ഞൊഴുകുന്ന രക്തപ്രവാഹത്തില്‍..
കാലുകള്‍ വിശ്രമം പൂണ്ട യാമങ്ങളില്‍...
നിണ്റ്റെ സിന്ദൂരരേഖയില്‍..
ഞാന്‍ കണ്ടത്‌.. രക്തം തന്നെയായിരുന്നോ?
അതോ കാലം നശിപ്പിച്ച നിണ്റ്റെ യൌവനമൊ?

പിന്‍വിളികള്‍....

--പിന്‍വിളികള്‍--

ഒരു പിന്‍ വിളിയാല്‍ പാതി പകുത്തിട്ടും..
നീ അവശേഷിപ്പിച്ച നിഗൂഢതയില്‍ നിന്നാണു
ഞാന്‍ തിരഞ്ഞുതുടങ്ങുന്നത്‌..
നിന്നിലെ മഴക്കാടുകള്‍ താണ്ടുമ്പൊഴും...
അറിയാത്ത മുള്ളാല്‍ കാല്‍ രക്തം പൊടിച്ചിട്ടും
അലര്‍ച്ചകള്‍ ഓരോന്നും കാതടപ്പിച്ചിട്ടും..
അറിയാത്ത നിന്നിലെ വന്യഭാവവും
വിയര്‍പ്പിന്നു പോലും നീര്‍ തികയാതെദേഹം
നിന്‍ പഴ്മരുഭൂമിയില്‍ തളരുമ്പോള്‍..
നിണ്റ്റെ ഉഷ്ണത്തിന്‍ തീക്ഷ്ണത ഞാനെന്തെഅറിയാതെപോയതെന്നോര്‍മിച്ചിടുന്നതും..
മരണമിച്ഛിച്ചു നിന്നിലെ സാഗരനടുവിലേക്ക്‌..
അലസനായി ഞാന്‍ നീന്തിയടുക്കവേ..
മധുരമാം നീരിണ്റ്റെ സാന്ദ്രതയാലെന്നെ...
തൊട്ടിലെടുത്തു നീ താരാട്ടുന്നതും..

നീ തന്നെ തീര്‍ക്കുന്നു മഴയും കുളിരും...
നീ തന്നെ പകരുന്നു ചൂടും... നിണ്റ്റെ മാധുര്യം നുകര്‍ന്നു ഞാനറിയുന്നു...
പിന്‍ വിളികളില്‍ പ്രണയം അനന്തമാകുന്നു..

Wednesday, July 17, 2013

പുലയണ്റ്റെ മക്കള്‍




ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ട്രത്തില്‍ അവനും അംഗത്വമെടുത്തു. അസ്വസ്ഥത ഏറ്റവും കൂടുതല്‍ പ്രകടമായിരുന്ന തണ്റ്റെ ഒരു ചിത്രമെടുത്ത്‌ അപ്‌ ലോഡ്‌ ചെയ്തു. അയ്യങ്കാളിയുടെ കമ്മ്യൂണിറ്റിയില്‍ ചേറ്‍നു...കൂടെ വെറും പത്തു പേര്‍. നായന്‍മാരുടെയും നമ്പൂതിരിമാരുടെയും പേജ്‌ അവണ്റ്റെ മുഖചിത്രത്തിണ്റ്റെ അസ്വസ്ഥത കൂട്ടി...അന്നവനു ഉറങ്ങാന്‍ കഴിഞ്ഞില്ല.

രണ്ടാം ദിവസം അവന്‍ തീരുമാനിച്ചു. പേരിണ്റ്റെ കൂടെ ജാതിപ്പേര്‍ ചേര്‍ത്ത കൂട്ടുകാര്‍ ഇവിടെയെങ്കിലും വേണ്ട. കൂടെ പഠിച്ച വിനോദ്‌ നായരെയും അടുത്ത വീട്ടിലെ ദിവ്യ എസ്‌ മേനോനെയും അവന്‍ കണ്ടതായി നടിച്ചില്ല...തലേന്നാളത്തെ ഉറക്കം കൂടി അന്നവന്‍ ഉറങ്ങിത്തീര്‍ത്തു...

മൂന്നാം നാള്‍ അവന്‍ തീരുമാനിച്ചു. എനിക്കും അല്ലെങ്കില്‍ ഞങ്ങള്‍ക്കും വേണം ഒരു പേജ്‌. അതുണ്ടാക്കി അവന്‍ പേരുമിട്ടു..'പുലയണ്റ്റെ മക്കള്‍'. അവണ്റ്റെ വായില്‍ വന്നതൊക്കെ വിളിച്ച്‌ പറഞ്ഞു. ആരൊടെന്നില്ലാതെ...അവണ്റ്റെ മുഖചിത്രത്തില്‍ പുഞ്ചിരി വീണുതുടങ്ങി.
നാലാം നാള്‍ അവന്‍ സൈബര്‍ സെല്ലിണ്റ്റെ ചോദ്യം ചെയ്യലിനു വിധേയനായി.

ഇന്നവന്‍ ലോക്കപ്പിലാണു..അവണ്റ്റെ കൂടെ ലോക്കപ്പ്‌ പങ്കിട്ടത്‌ വേറാരുമല്ല. കോടികളുടെ തട്ടിപ്പില്‍ വിചാരണ നേരിടുന്ന ഷൈജു മേനോന്‍.
ലോക്കപ്പ്‌ പൂട്ടി തിരിഞ്ഞു നടന്ന പോലീസുകാരനെ പിന്നില്‍ നിന്ന് വിളിച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ അവന്‍ പരഞ്ഞു....
"നന്ദി സര്‍"...