Tuesday, December 10, 2013

--ഒരു 'തുണ്ട്' കഥ അഥവാ ചെറിയ കഥ--

അവളുടെ ചൂടുള്ള കഴുത്തിൽ പിന്നിൽ നിന്ന് നുകരുമ്പോൾ, ഞാൻ ഒരു മഞ്ഞുകട്ടയായി ഉറയുകയായിരുന്നു.
ഉറക്കം നടിച്ചുകിടന്ന ശിലാതല്പം മഞ്ഞുകട്ടയുടെ സ്പർശത്തിൽ ഉണർന്നില്ലെങ്കിലും ഞാൻ പരിഭവിച്ചില്ല.

അത് അവൾക്കുമറിയാം.

ഒരു കവിൾ വെള്ളം ചേർക്കാത്ത റമ്മിന്റെ ചൂടിൽ സ്നേഹമത്രയും ഉരുക്കി ഫ്ലഷ് ചെയ്ത് തിരികെ വന്ന് കിടന്നപ്പൊഴും അവൾ ഉറങ്ങിയിരുന്നില്ല.

അത് എനിക്കും അറിയാം...

-----------------------------------------------------------------------------------

വാസനത്തൈലം തേച്ച മുടി എന്റെ നേർക്ക് കുടയുമ്പൊഴും ഉലഞ്ഞവസ്ത്രം നേരെയാക്കാതെ ഇല്ലാത്ത സാധനങ്ങൾ തിരഞ്ഞ് എന്റെ മുന്നിലൂടെ നടക്കുമ്പൊഴും
ഞാനും മയങ്ങുകയായിരുന്നില്ല.

അതവൾക്കറിയാം...

അവളുടെ ദീർഘനിശ്വാസങ്ങൾ ഓരോന്നായി എന്റെ മുഖത്ത് പതിക്കുമ്പോഴും, കൈത്താങ്ങ് നഷ്ടമായി ഞാൻ അവളുടെ അരികിലേക്ക് ചരിയുമ്പോഴും വിജയിയുടെ മന്ദഹാസമായിരുന്നു അവൾക്ക്..

അതെനിക്കും അറിയാം...

അവൾക്കറിയാത്ത മറ്റൊന്ന് കൂടി എനിക്കറിയാം, ഞാനും അവളും തമ്മിൽ ജനാധിപത്യവും സ്വേഛ്ചാധിപത്യവും പോലെ അന്തരമുണ്ടെന്ന്...