Friday, January 31, 2014

വെട്ടുകാർ



പണ്ടൊരിക്കൽ ഷമീറിനെ പാർട്ടിക്കാർ വെട്ടി പഞ്ഞിക്കിട്ടത്...
രാമകൃഷ്ണൻ സഖാവിന്റെ വീട്ടിന് കല്ലെറിഞ്ഞതിനാണ്...
ആ വെട്ട് കണ്ട് നിന്ന കൂട്ടുകാരൻ മുനാഫാണ് പിന്നീട്
സഖാവിന്റെ അനിയൻ രമേശന്റെ..കാല് വെട്ടി തോട്ടിലിട്ടത്..
.
.
മുനാഫിനെ കുത്തിത്തളർത്തി കിടക്കയിലിട്ട സുനിസഖാവ്
ഇപ്പൊ എവിടെയെന്ന് ആർക്കും അറിയില്ല..
പക്ഷേ സഖാവിന്റെ സന്തതസഹചാരി പ്രിയേഷിന്റെ വീട്ടിൽ
ക്ഷണിക്കതെയെത്തിയ ബോംബിന് ഇഷ്ടപ്പെട്ടത്..സഖാവിന്റെ
പെങ്ങള്ടെ നാലു വയസ്സുകാരി മകളെയാണ്...
.
.
വിരലിൽകിടന്ന മോതിരം കൊണ്ടാണ് അന്ന് ബോബെറിഞ്ഞ
സിദ്ദിഖിന്റെ അഴുകിയ ശവം തിരിച്ചറിഞ്ഞത്..
സിദ്ദിഖിന് തെറ്റിയത് അനിയൻ സജീറിന്റെ വാളിന് തെറ്റിയില്ല...
സഖാവ് പ്രിയേഷ് അനുസ്മരണം ഇന്ന് രാവിലെയായിരുന്നു..
.
.
ഒരിക്കൽ വെട്ടേറ്റവർ വിളിച്ചിട്ടും വരാതെയായതിനാൽ നേതാക്കൾ
ലക്ഷ്ങളുടെ കൊട്ടേഷൻ ബാഗിലിട്ട് ബോംബെക്ക് വണ്ടികേറുകയാണിന്ന്..
സ്റ്റേഷനിൽ ചായ കുടിക്കുമ്പൊ രാമകൃഷ്ണൻ സഖാവ് മൂസയോട്...
'സാധങ്ങളുടെ ഒക്കെ വെല പോന്ന പോക്ക്..
ഒരു അനുസ്മരണം നടത്താനുള്ള ചെലവേ...'

(പേരുകളും സംഭവങ്ങളും സാങ്കല്പികം മാത്രം)

Wednesday, January 29, 2014

ഒളിയമ്പുകൾ




ഭാര്യയുടെ മരണശേഷമാണ് അയാൾക്ക് ഒറ്റപ്പെടലിന്റെ വേദന ശരിക്കും മനസ്സിലായത്, ഭാര്യയേയും

വേദനയിൽ നിന്ന് രക്ഷ നേടാനാണ് പിന്നിട്ട വഴികളിലൂടെ യാത്ര ചെയ്യാനും ഓർമകളായി മാറിയ മുഖങ്ങൾ വീണ്ടും ഒരിക്കൽക്കൂടി കാണാനും തീരുമാനിച്ച് ഇറങ്ങിത്തിരിച്ചത്, എന്നാൽ പഴയ വഴികളിലൊന്നും തിരിച്ചറിയപ്പെടാൻ പാകത്തിൽ ഒരൊറ്റ മുഖം പോലും ഉണ്ടായിരുന്നില്ല.

കുറച്ച് നാളുകൾ പിന്നിട്ടപ്പോൾ, പകൽ മുഴുവൻ യാത്ര ചെയ്ത ക്ഷീണം തീർക്കാൻ അയാൾ ഒരു കവലയിലിരുന്നു. മനുഷ്യരൂപം തന്നെയോ എന്ന് സംശയിച്ചുപോകുന്ന രൂപങ്ങൾ അയാൾക്ക് ചുറ്റും നടന്നുനീങ്ങിക്കൊണ്ടിരുന്നു.

ചുറ്റും നടന്നുനീങ്ങുന്നവർക്കിടയിൽ ഒരു സ്ത്രീ അയാളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടു. കണ്ട് മറന്ന മുഖം തന്നെ. പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ല. അയാൾ പരവശനായി. സ്ത്രീ അയാൾക്ക് നേരെ നടന്നുതുടങ്ങി. അവൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ തനിക്ക്...ഛെ...അയാൾ ഓർമകൾക്കിടയിൽ ശക്തിയായി പരതി, പുതിയവ തട്ടിത്തെറിപ്പിച്ച്, പൊടിപിടിച്ചവയ്ക്കിടയിലൂടെ പുഴുവിനെപ്പോലെ ഓടിനടന്നു.
അവൾ അടുത്തെത്തുമ്പോഴേക്കും അയാൾ വിയർത്തിരുന്നു

മനസ്സിലാക്കാനാവാത്ത വിഷമവും, ജാള്യ്തയും മുഖത്ത് നിന്ന് മനസ്സിലാക്കിയ അവൾ ആശ്ചര്യം വിടാതെ തന്നെ ചോദിച്ചു

'ഇവിടെ എങ്ങനെ?'

അയാൾ : 'ഞാൻ...വെറുതെ പഴയ വഴികളിൽ ഒന്ന് തിരിഞ്ഞ് നടക്കാൻ...'

അവൾ ഒന്ന് മന്ദഹസിച്ച് ചുറ്റും നോക്കി. പിന്നെ അയാൾക്കഭിമുഖമായി ഇരുന്നു.

അവൾ : ഭാര്യയുമുണ്ടോ?

അയാൾ : ഇല്ല. തനിച്ചാണ്.

ഭാര്യയുടെ മരണവിവരം തൽകാലം മറച്ചുവെച്ചു. ഇരുവശങ്ങളിലേക്കും അവൾ കണ്ണോടിച്ചുതുടങ്ങിയപ്പോൾ  അയാൾ അവളെ നോക്കി. മധ്യവയസ്കയാണ്. നെറ്റിയിൽ നിന്ന് നരകയറിത്തുടങ്ങിയിരിക്കുന്നു. നല്ല പരിചയം ഇപ്പോഴും അയാളെ വലച്ചു.
അവൾ അയാളെ നോക്കിയപ്പോൾ അത് താങ്ങാനാവാതെന്നോണം അയാൾ മുഖം തിരിച്ചു.

അവൾ : ഇപ്പൊ ഇങ്ങോട്ടൊക്കെ വരാൻ..?

അയാൾ ഒന്നും പറയാതെ അവളെ നോക്കി. അത് മനസ്സിലാക്കിയ അവൾക്ക് ചിരി വന്നു

അവൾ : ഞാൻ താരയാണ്.

വെട്ടേറ്റെന്നോണം അയാൾ തരിച്ചിരുന്നു.

താര : അല്ലെങ്കിലും എന്നെ ഓർക്കേണ്ട കാര്യമില്ലായിരുന്നല്ലോ, അല്ലേ ?
തെറ്റ് ചെയ്ത കുഞ്ഞ് അമ്മയുടെ മുന്നിലെന്നോണം അയാൾ മുഖം താഴ്ത്തിയിരുന്നു.

താര : ഇവിടെ വീണ്ടും വരാനുള്ള കാരണം പറഞ്ഞില്ല.

അയാൾ അവളുടെ മുഖത്ത് നോക്കാതെ തുടർന്നു. ഭാര്യയെ വേദനിപ്പിക്കേണ്ടിവന്നതും, അവൾ തീയിൽ ജീവിതം ഹോമിച്ചതും, തുടർന്നുണ്ടായ മനോവ്യഥയും, യാത്രകളും ഒടുവിൽ ഇവിടെ എത്തിയത് വരെയുള്ള കഥകൾ.
ഏറെ വിസ്മയത്തോടെയാണ് താര കഥ കേട്ടത്. അവളുടെ കണ്ണുകളിൽനിന്ന് മന്ദഹാസം മാഞ്ഞു. ഏറെനേരം വീണ്ടും അവർ മൗനം കൂട്ടുപിടിച്ച് ഒന്നിച്ചിരുന്നു.

അയാൾ : മകൻ, അവനെവിടെയാണിപ്പോൾ..?

താര : അവന്റെ ഇളയച്ഛന്റെ കൂടെ..നിങ്ങളെക്കുറിച്ച് എപ്പോഴും പറയും. അവനറിയാം നിങ്ങളാണ് അവന്റെ അച്ഛനെ...എന്നിട്ടും ഇഷ്ടമാണവന് നിങ്ങളെ..വലിയ ബഹുമാനമാണ്...

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദം കഴുത്തിൽനിന്ന് പുറപ്പെടാൻ വിഷമിച്ച് ഞരങ്ങി.
ഭയപ്പെട്ടിരുന്നിടത്തേക്ക് സംഭാഷണം നീങ്ങുന്നതോർത്ത് അയാൾ പരിഭ്രമിച്ചു. ഇവൾക്ക് നൽകാൻ മറുപടിയില്ല. ഞാൻ ഏത് ശരിക്ക് വേണ്ടി നിലനിന്നിരുന്നോ ലക്ഷ്യത്തിന്റെ മഹത്വത്തിന് പാപം കഴുകിക്കളയാനാവില്ല.

അയാൾ : എന്റെ ലക്ഷ്യം, അതാണ് എന്നെ അന്നാ മാർഗത്തിലെത്തിച്ചത്. നിനക്കറിയാമല്ലോ നടന്നതെല്ലാം...

താര : ലക്ഷ്യം...നിങ്ങളുടെ ലക്ഷ്യം നടന്നു, പക്ഷേ നിങ്ങൾ വിജയിച്ചില്ല. വിജയിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഭാര്യയ്ക്ക് ഗതി വരില്ലായിരുന്നു. നിങ്ങളുടെ മക്കൾക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു.

അയാൾ : നിന്റെ ഭർത്താവിന്റെ കാര്യത്തിൽ ഞാൻ ചെയ്തത് ചതിയാണ്. ഒരു പക്ഷേ അതിന്റെ ശിക്ഷ നിന്റെ കയ്യിൽ നിന്നേറ്റ് വാങ്ങാനാവണം എന്നെ സന്ധ്യ ഇവിടെയെത്തിച്ചത്.

താര : ശിക്ഷിക്കാൻ ഞാനാര്. അല്ലെങ്കിലും നിങ്ങളെ ഞാൻ ശിക്ഷിച്ചാൽ എന്റെ മകൻ പോലും എന്നെ വെറുക്കും...ആലോചിക്കാൻ കഴിയുമോ അങ്ങനെയൊരവസ്ഥ? സ്വന്തം അച്ഛന്റെ ഘാതകനെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു മകന്റെ അമ്മയുടെ അവസ്ഥ.

അയാൾ : അവനെ ഒന്ന് കാണാൻ കഴിയുമോ? ഒരുപക്ഷേ അവനെ കണ്ട് ഒന്നുപൊട്ടിക്കരഞ്ഞാൽ അല്പം മനസമധാനം ലഭിക്കുമായിരിക്കും..ദയവുചെയ്ത് ആരെയെങ്കിലും വിട്ട് ഒന്നറിയിക്കാമോ..അവന്റെ ഇളയച്ഛൻ എന്റെ സ്നേഹിതൻ..

താര : അതെ, നിങ്ങളുടെ സ്നേഹിതൻ, രണ്ടാളും രചിച്ച തിരക്കഥയിൽ ഒടുക്കം എന്റെ മകന് അച്ഛനെ നഷ്ടപ്പെട്ടു. എനിക്ക് അകാലവൈധവ്യം തന്നു. ഇനി നിങ്ങളെന്തിനു കാണണം? അവരെ നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞു. നിങ്ങൾ നിങളുടെ ലക്ഷ്യവും നേടിക്കഴിഞ്ഞു. എന്നിട്ടും നോക്കൂ നിങ്ങളുടെ അവസ്ഥ. ഇനി ആരെയും കാണണമെന്നില്ല. ഇവിടെ വന്ന് ആദ്യം എന്റെ കണ്മുൻപിൽതന്നെ നിങ്ങളെയെത്തിച്ചതിന് ഞാൻ ദൈവത്തെ സ്തുതുക്കുന്നു. നിങ്ങൾക്ക് പോകാം...

സംഭാഷണത്തിൽ ആദ്യമായി അയാൾ ചിരിച്ചു.

അയാൾ : ശരിയാണ്, എന്റെ ലക്ഷ്യം നേടാൻ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു. പിന്നിൽ നിന്ന് ആക്രമിക്കുന്നത് ഭീരുത്വമെന്ന് അറിയാഞ്ഞിട്ടല്ല...പക്ഷേ...നീ പറഞ്ഞത് ശരിയാണ്..എന്നിട്ടും ഞാനിപ്പോൾ എത്തിനിൽക്കുന്ന അവസ്ഥ കണ്ടില്ലേ. അതാണ് ജീവിതം. ഒരറ്റത്തുനിന്ന് നമ്മൾ വെട്ടിപ്പിടിക്കുന്നതെല്ലാം മറ്റൊരറ്റത്ത് നഷ്ടപ്പെടുകയായിരിക്കും. ഇനി ഞാനിവിടെ നിൽകുന്നില്ല...
ഇനി നമ്മൾ കണ്ടെന്നും വരില്ല. എന്റെ ജീവിതലക്ഷ്യം ഞാൻ നേടി. എന്നാൽ അതിലുപരി നഷ്ടപ്പെട്ടതോർത്ത് വിലപിക്കാനുള്ളതായി എന്റെ ശിഷ്ടജീവിതം... എന്റെ അച്ഛനുൾപ്പെടെ…ഇനി നാം കാണാതിരിക്കട്ടെ. നാമെന്നല്ല...ഞാൻ കാണാനാഗ്രഹിച്ചവരാരൊക്കെയോ അവരൊന്നും എന്നെ കാണാതിരിക്കട്ടെ..

അയാൾ തിരിഞ്ഞ് നടന്നു...രണ്ട് പേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. വഴിതിരുന്നിടത്ത് നിന്ന് അയാൾ തിരിഞ്ഞ് നോക്കി. അവൾ അത് പ്രതീക്ഷിച്ചെന്നോണം അവിടെത്തന്നെ നിൽക്കുന്നു.

രാത്രി ലക്ഷ്യമില്ലാതെയുള്ള യാത്ര അവസാനിച്ചത് സരയൂ തീരത്താണ്. നിലാവിൽ വെട്ടിത്തിളങ്ങുന്ന ഓളങ്ങളിൽ അയാൾ കണ്ടു. കാണാനാഗ്രഹിച്ച ഓരൊ മുഖവും. പരിഭവം പറയുന്നപോലെ അവ പൊന്തിവന്ന് പിണങ്ങി തിരിച്ച്പോയി...അയാൾ അവരിലേക്കിറങ്ങിച്ചെന്നു. അവസാനമായി എല്ലാവരേയും കാണാൻ. ..



പിൻകുറിപ്പ് : 


രാമായണത്തിൽ നീതികിട്ടാതെപോയ ദമ്പതികളാണ് ബാലിയും താരയും. ഒമ്പതാം വയസ്സിൽ വായിച്ചതാണ് രാമായണം ആദ്യമായി. പക്ഷേ ഇതുവരെ പിടികിട്ടാത്ത ഒന്നാണ് ബാലീവധം. പിടികിട്ടാത്തതെന്നാൽ ന്യായീകരിക്കാനാവാത്തത്. അദ്ദേഹത്തെ നേർക്കുനേർ വധിച്ചിരുന്നെങ്കിൽ ഇത്ര വലിയ സമസ്യയായി പ്രശ്നം എന്റെ മനസ്സിൽ അവശേഷിക്കില്ലായിരുന്നു. അതിനാൽ ശ്രീരാമൻ ദേഹവിയോഗത്തിനു തൊട്ടു മുൻപ് ബാലിയുടെ വിധവയായ താരയെ കാണുന്നത്, ഒന്ന് വിഭാവനം ചെയ്തു...



Wednesday, January 8, 2014

തിരയും തീരവും പ്രണയിച്ച രാത്രി..



സാധാരണക്കാർക്ക് മനസ്സിലാവാത്ത ഹിന്ദിയാണ് ഉർദു എന്ന് ആരോ തമാശയായി പറഞ്ഞത് ഓർമയുണ്ട്. ഗസലുകൾ കേൾക്കാൻ തുടങ്ങിയ കാലത്ത്, ഏറെക്കുറെ ഇന്നും അത് യുക്തിസഹമായ ഒരു തമാശയായിത്തന്നെ തോന്നിയിട്ടുമുണ്ട്. കൂടൂതൽ ജനകീയരായിരുന്ന പങ്കജ് ഉദാസും ജഗ്ജിത് സിംഗുമെല്ലാം മനസ്സില് ചേക്കേറിയത് കോളേജ് കാലത്താണ്...

തികച്ചും യാദൃശ്ചികമായാണു ചുപ്കെ ചുപ്കെ രാത് ദിൻ കേട്ടത്. പേരു കേട്ട് മാത്രം അറിയുന്ന ഗുലാം അലിയുടെ മനോഹരമായ ഗസൽ. കോളേജ് കാലത്താണ്,  ആദ്യമായി കേട്ടപ്പോ നിരത്താൻ തോന്നിയില്ല..വിരൽത്തുമ്പിൽ ഗൂഗിളും ഫേസ്ബുക്കും ഒന്നും ഇല്ലാതിരുന്നതിനാൽ, ആദ്യം  ഒന്നും മനസ്സിലായില്ല..വീണ്ടും വീണ്ടും കേട്ടു..എത്രതവണയെന്നരിയില്ല..


‘ആരുമറിയാതെ രാവും പകലും..
കണ്ണീർ വാർത്തതോർക്കുന്നു ഞാൻ...
പ്രണയകാലം ഞാൻ ഇന്നും ഓര്ക്കുന്നു...’


ഗുലാം അലി എന്ന ഗായകനെക്കുറിച്ചും ഹസ്രത് മൊഹാനി എന്ന കവിയെക്കുറിച്ചും അറിയുന്നതിങ്ങനെ... ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കവി..ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ അത്രയേ ഹസ്രത് മൊഹാനിയെക്കുരിച്ച് അറിയാൻ കഴിഞ്ഞുള്ളു..അത് മാത്രം മതിയായിരുന്നു..


‘ഉച്ചവെയിലിൽ എന്നെ വിളിക്കാനായ്..
നഗ്നപാദങ്ങളുമായി മുറ്റത്ത് നീ എത്തുന്നതും ഓര്ക്കുന്നു..
പ്രണയകാലം ഞാൻ ഇന്നും ഓര്ക്കുന്നു...’


പ്രണയവും വിരഹവും വേദനയും ശ്രോതാവിനെ തളര്ത്തി ഇല്ലാതാക്കുന്ന വരികളും ശബ്ദവും...


‘പ്രണയത്തിന്റെ രാവുകളെ വിരഹം ഭയപ്പെടുത്തുമ്പോൾ..
നിന്റെ തേങ്ങലുകൾ എന്റെ കണ്ണുകൾ ഈറനണിയിച്ചതോർക്കുന്നു
പ്രണയകാലം ഞാൻ ഇന്നും ഓര്ക്കുന്നു...’


യാദൃശ്ചികമായാണു വരവ് 2005 ആണോ 2006 ആണോ എന്നോർമ്മയില്ല.. മഹാഗായകാൻ വരുന്നു..മലബാർ മഹോത്സവമാണ്...പിന്നെ അദ്ദേഹത്തിനു വേദിയായി നല്കാൻ ഇതിലും നല്ലൊരിടം നഗരത്തിലില്ല...നമ്മുടെ കടപ്പുറം..

ഗുലാം അലി പാടുകയാണ്


'ഒരായിരം ആകുലതകളും..അതിലിരട്ടി ആശകളുമായി..
നിനക്കെന്റെ ഹൃദയം കൈമാറിയതോർക്കുന്നു
പ്രണയകാലം ഞാൻ ഇന്നും ഓര്ക്കുന്നു...’


ഒരേ മനസ്സുമായി ആയിരങ്ങൾ...വരിവരിയായി വന്ന് അതിൽ ലയിച്ച് ഇല്ലാതാവുന്ന തിരകൾപ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്നായി മാറുകയായിരുന്നു കോഴിക്കോട് കടപ്പുറം അന്ന്….പൂർണചന്ദ്രനും ഇന്ന് ഓർമിക്കുന്നുണ്ടാവും രാത്രി..പ്രിയപ്പെട്ടവളോടുള്ള സ്നേഹ സംവദനത്തിന്റെ രാത്രി...

വർഷങ്ങൾക്ക് ശേഷം ബീച്ചിലെ ബഞ്ചിലിരിക്കുമ്പോഴും തിരകൾ ഓരോന്നായി വന്ന് ആ ഓർമ്മകൾ തേടുന്നത് കാണാമായിരുന്നു..


വേദന പങ്കുവെയ്ക്കുമ്പോൾ വാടുന്ന നിന്റെ മുഖവും,
നീ വെറുതെ തിരിക്കുന്ന വളകളും ഓര്ക്കുന്നു...
പ്രണയകാലം ഞാൻ ഇന്നും ഓര്ക്കുന്നു...