Tuesday, February 4, 2014

ഒരു ആംഗ്ലോ ഇന്ത്യൻ പ്രണയകഥ


ആംഗ്ലോ ഇന്ത്യക്കാരിയെ വിളിച്ച് വീട്ടിൽ കേറിയ ശേഷം അച്ഛൻ തെളിഞ്ഞൊന്ന് മിണ്ടീട്ടില്ല. അച്ഛൻ വീട്ടിലുള്ളപ്പൊ അമ്മേം അങ്ങനെയൊക്കെത്തന്നെ. ലവൾ എന്റട്ത്ത് അടിക്കുന്ന മുടിഞ്ഞ ഇംഗ്ലീഷ് കേട്ട് പേടിച്ചിട്ടാണെന്നാണ് ഞാനാദ്യം കരുതിയത്. ഏതായാലും വീട്ടിൽ കേറ്റിയല്ലോ..

ആംഗ്ലോ ഇന്ത്യനായാലും പശ്ചിമയൂറോപ്പായാലും അച്ചിവീട്ടിൽ കിടന്നാ തീർന്നില്ലേ കഥ. അവൾടെ തന്തക്കാണെങ്കീ കുട്ടികൾ മുല കുടിക്കുമ്പോലെ എടക്കെടക്ക് കിട്ടണം വിസ്കി. എന്നാ ഒറ്റക്കൊരു മൂലയ്ക്കിരുന്ന് അടിച്ചാപ്പോരേ അതുമില്ല. ആരെങ്കിലും വേണം. അത് അത്ര വിഷമമുള്ള കാര്യമല്ല പക്ഷേ അങ്ങോരുടെ കഥകൾ കേട്ടോണ്ടിരുന്നാൽ അടിച്ചത് ബ്ലാക്ക് ഡോഗായാലും ഷിവാസ് റീഗലായാലും എപ്പം വെച്ചു വാള് എന്ന് ചോദിച്ചാമതി...

അമ്മയുടെ ഇടിവെട്ട് അടുക്കള ഇംഗ്ലീഷ് കേട്ടപ്പൊഴാണ് ഒന്ന് ശ്വാസം നേരെ വീണ് തുടങ്ങിയത്. 'കത്തി ഗിവ്', 'വെജിറ്റബിൾ ക്ലീൻ ', 'മിക്സി ടേക്' എന്നിവയൊക്കെ ചില പഞ്ച് ഡയലോഗ്സാണെന്ന് പറഞ്ഞ് അവള് എന്റെ നെഞ്ചത്തൂന്ന് വലിയൊരു മടക്ക് എറച്ചി ചുണ്ടിന്റുള്ളിൽ അമർത്തി ചിരിക്കാറുണ്ടായിരുന്നു. ഏതായാലും അമ്മ അത്രേയുള്ളൂ..ഇപ്പൊ വല്ല്യ കാര്യമാണ് മരുമോളെ, അച്ഛനില്ലാത്തപ്പൊ...

രാവിലത്തെ ചായ, രാത്രിഭക്ഷണം ഇതു രണ്ടുമാണ് എല്ലാരും കുറച്ച് നേരം ഒന്നിച്ചിരിക്കുന്ന സമയം. അടൂർ ഗോപാലകൃഷ്ണേട്ടനിൽ നിന്ന് ഷാജി കൈലാസിലേക്ക് പോകാൻ വെടിമരുന്നിടുക അമ്മയാണ്. ബാബു നമ്പൂരിയെപ്പോലെ ആരും കേൾക്കാതെ എന്തൊക്കെയോ പറഞ്ഞ് അച്ഛൻ കഴിച്ചെണീക്കും.

'കണ്ട കാട്ടുചെടിയൊക്കെ രണ്ട് ദിവസം നോക്കീലെങ്കി തലക്ക് മോളില് കേറും, ആ മുരിങ്ങാക്കുറ്റി വെച്ചിട്ട് ദിവസം കൊറെയായി എന്നാണാവോ ഒന്ന് മൊളയ്ക്കാ...വല്ലാത്തൊരു മണ്ണ് തന്നെ...' അതായിരുന്നു അന്നത്തെ വിഷയം..

ഡൈനിംഗ് റൂമിലെ ജനാലയ്ക്കുള്ളിലൂടെ എല്ലാരും നോക്കി, ദൈന്യതയും ലജ്ജയും കൃത്യ്മായ അളവിൽ ചേർത്ത് മുരിങ്ങകുറ്റി തലതാഴ്ത്തിനിന്നു....

അങ്ങനെ പിന്നേം രണ്ട് ദിവസം പോയി...ഇതിനിടെ എന്റെ പെണ്ണുമ്പിള്ള ഇംഗ്ലീഷിൽ നിന്ന് പ്രോമോഷൻ കിട്ടി മംഗ്ലീഷിൽ എത്തിയിരുന്നുട്ടോ..

അന്നും പതിവ്പോലെ എല്ലാരും ചായകുടിക്കാനിരുന്നു...ദോശ, സമ്പാർ, ചമ്മന്തി, അച്ഛൻ അങ്ങനെ എല്ലാരുംണ്ട്...
കി കഴുകി കസേര വലിച്ചപ്പോഴേക്കും ഭാര്യ ശക്തിയായി ഒരു തോണ്ട്...

' സീ മൊല വന്നു...ഡ്രംസ്റ്റിക്കിന് മൊല വന്നു'

ഠിം...സിംബലടിച്ചപോലെ എല്ലാരും ഫ്രാക്ഷൻ ഓഫ് എ സെക്കന്റ്...

അമ്മ - ചായ എടുക്കാനെന്ന പോലെ അടുക്കളയിലേക്ക് ഒരോട്ടം..എനിക്കുറപ്പാണ്, അമ്മ പാത്രം കഴുകുന്ന മൂലയ്ക്ക് പോയിട്ടാവും ചിരിച്ചിട്ടുണ്ടാകുക...

ഞാൻ - ചമ്മന്തിയാണിഷ്ടമെങ്കിലും ആദ്യം കയ്യിൽ കിട്ടിയ തവിയിൽ കുടുങ്ങിയ സാമ്പാർ ദോശയിലൊഴിച്ച് ഉമ്മറത്തേക്ക് ഒരോട്ടം. അപ്പൊ വന്നത് ചിരിയാണോ, കരച്ചിലാണോ എന്ന് ഇത് വരെ മനസ്സിലായിട്ടില്ല..

അച്ഛൻ - ഒന്നും ചെയ്യാനാവാതെ പാവം അവിടെത്തന്നെയിരുന്നു. എങ്ങനെ മാനേജ് ചെയ്തോ എന്തോ?

പിറ്റേന്ന് മുതൽ അച്ഛൻ നമ്മടെ പെണ്ണുമ്പിള്ളയോട് ചില അത്യാവശ്യകാര്യങ്ങളൊക്കെ മലയാളത്തിൽ പറഞ്ഞ്തുടങ്ങി.മരുമോൾടെ മലയാളം  ഉച്ചാരണം നന്നാക്കാൻ വേണ്ടിയാവണം...

കഥ ഇവിടെ കഴിഞ്ഞു...ഞാൻ പോയി നമ്മടെ മുരിങ്ങദേവന് കൊറച്ച് വെള്ളം കൊടുക്കട്ടെ...



(ഇപ്പറഞ്ഞ ഞാൻ ...ഞാനല്ല)

No comments:

Post a Comment